പൊന്‍കുന്നം: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ക്കൊപ്പം കൂടുതല്‍ പരിഷ്കാരങ്ങളും വേണമെന്ന ആവശ്യം ശക്തമാകുന്നു. ചിറക്കടവ് പഞ്ചായത്ത് വിവിധ ഗതാഗത ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹനത്തിരക്ക് കണക്കിലെടുക്കുമ്പോള്‍ അവ മാത്രം മതിയാകുന്നില്ലെന്നാണ് അനുഭവം.
പുനലൂര്‍ - പൊന്‍കുന്നം റോഡ് ദേശീയപാതയിലേക്ക് സംഗമിക്കുന്നത് മിനി സിവില്‍ സ്റ്റേഷന് മുന്‍പിലാണ്. വാഹനങ്ങള്‍ ടൗണിലേക്ക് പ്രവേശിക്കുന്നത് കയറ്റം കയറിയാണ്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ കാഞ്ഞിരപ്പള്ളി, കോട്ടയം റൂട്ടുകളിലേക്ക് തിരഞ്ഞിറങ്ങുമ്പോള്‍ മണിമല റൂട്ടില്‍ നിന്നെത്തുന്ന ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കയറ്റത്തില്‍ കാത്തുകിടക്കേണ്ടി വരും. ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ അവസരം കിട്ടുമ്പോഴേക്കും മണിമല റോഡില്‍ അര കിലോമീറ്ററിലേറെ വാഹനങ്ങളുടെ നിരയാവും വൈകുന്നേരങ്ങളില്‍. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള റബര്ത്തടിയുമായി നിരവധി ലോറികളാണ് ഒന്നൊന്നായി പൊന്‍കുന്നം വഴി പെരുമ്പാവൂര്ക്കായി എത്തുന്നത്. അവ കടന്നുപോകാതെ മറ്റ് വാഹനങ്ങളുടെ സുഗമയാത്ര നടക്കില്ല.
അതിനാല്‍ പാലാ റോഡ് സംഗമിക്കുന്ന കവലയിലേതുപോലെ ഇവിടെയും ട്രാഫിക് വിളക്കുകള്‍ വേണ്ടി വരും. മിനി സിവില്‍ സ്റ്റേഷന് മുന്നിലെ പുനലൂര്‍ - പൊന്‍കുന്നം റോഡ് സംഗമിക്കുന്ന കവലയില്‍ കൂടി ട്രാഫിക് സിഗ്നല്‍ വന്നാല്‍ അത് കുറച്ചുകൂടി ഫലപ്രദമാവും. 50 മീറ്റര്‍ പടിഞ്ഞാറുമാറിയുള്ള പാലാ റോഡിന്റെ തുടക്കത്തിലെ ട്രാഫിക് സിഗ്നലുമായി ബന്ധിപ്പിച്ച് സമയക്രമീകരണം ഏര്പ്പെടുത്തിയെങ്കിലേ വിജയിക്കൂ. ഇതിന് കൃത്യമായ പഠനം നടത്തി, എത്രസമയം ഓരോ റൂട്ടിലേക്കും അനുവദിക്കണമെന്ന് കണക്കാക്കി സിഗ്നല്‍ സ്ഥാപിക്കേണ്ടി വരും. ഇതുകൂടി നടപ്പാക്കിയെങ്കില്‍ മാത്രമേ പൊന്‍കുന്നത്തെ ഗതാഗത തടസത്തിന് പരിഹാരമാകൂ.